അറ്റ്ലാന്റിക് സാൽമൺ മത്സ്യങ്ങളുടെ ജീവിതക്രമം

 അറ്റ്ലാന്റിക് സാൽമൺ മത്സ്യങ്ങളുടെ ജീവിതക്രമം  

Atlantic Salmon
Atlantic Salmon

നദിയിലെ ശുദ്ധജലത്തിൽ ജനിക്കുകയും, ഏതാനും വർഷങ്ങൾ അവിടെ തുടരുകയും, പൂർണ്ണ വളർച്ച നേടുന്നതിനായി സമുദ്രത്തിലേക്ക് ദേശാടനം നടത്തുകയും, പ്രജനനത്തിനുള്ള സമയമാവുമ്പോൾ  നദികളിൽ തന്നെ തിരിച്ചെത്തുകയും ചെയ്യുന്ന ജീവിതക്രമമുള്ള ഒരു മത്സ്യമാണ് അറ്റലാന്റിക് സാൽമൺ. ഈ ജീവിതക്രമം സ്വീകരിക്കുന്ന സാൽമൺ മത്സ്യങ്ങളെ അനാഡ്രോമസ് എന്നാണ് വിളിക്കുന്നത്. ഇവയുടെ പരമാവധി ആയുസ്സ് എട്ടു വർഷമാണ്.

 

അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജല നദികളിലാണ് സാൽമൺ മത്സ്യങ്ങളുടെ ജീവിതത്തിന്റെ ആദ്യവും, അവസാനവും എന്നു പറയാം. എന്നാലിവയുടെ ജീവിതത്തിന്റെ ഏറിയ പങ്കും വടക്കേ അറ്റ്ലാന്റിക്  സമുദ്രത്തിലാണ് ചെലവഴിക്കുന്നത്. തിരികെയെത്തുന്ന സാൽമൺ മത്സ്യങ്ങൾ നദിയിലെ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. മുട്ടവിരിയാൻ മൂന്നുമാസത്തോളം സമയമെടുക്കും.

 

Atlantic salmon fish
Atlantic Salmon

മൂന്നുമാസത്തിനു ശേഷം മുട്ടവിരിഞ്ഞ് പുറത്തു വരുന്ന കുഞ്ഞുങ്ങൾക്ക് ഒരിഞ്ച് വലിപ്പമേ ഉണ്ടാകാറുള്ളൂ. ഇവയുടെ ദേഹത്ത് പറ്റിയിരിക്കുന്ന മുട്ടയിലെ മഞ്ഞക്കരുവാണ് ജീവൻ നിലനിർത്താൻ സഹായിക്കുന്നത്. പരൽമീനിന്റെ വലിപ്പമെത്തുമ്പോഴേക്കും ഈ പറ്റിയിരിക്കുന്ന മഞ്ഞക്കരു ഉപയോഗിച്ച് തീരുന്നു. പിന്നെ ചെറു പ്രാണികളെ ഭക്ഷിക്കാൻ ആരംഭിക്കുന്നതോടെ അവ വേഗം വളർച്ച പ്രാപിക്കുന്നു. ഈ സമയത്ത് ഇവയുടെ ദേഹത്ത് വരകൾ പ്രത്യക്ഷപ്പെടുന്നു. ഇത് ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ ഇവയെ സഹായിക്കുന്നു.

 

ഏതാണ്ട് മൂന്നു വർഷം വരെ നദികളിൽ വസിക്കുന്ന സാൽമൺ മത്സ്യങ്ങൾ അവിടെ നിന്ന് സമുദ്രത്തിലേക്ക് ദേശാടനം ചെയ്യുന്നു. കുറച്ച് വർഷങ്ങൾ വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ ജീവിച്ച് പൂർണ്ണ വളർച്ചയെത്തിയ ശേഷം തിരികെ നദികളിലേക്ക് ദേശാടനം ചെയ്യുന്നു. സമുദ്രത്തിലേക്കുള്ള ദേശാടനത്തിൽ തെരഞ്ഞെടുത്ത അതേ പാതയിലൂടെയാണ് തിരിച്ചുള്ള യാത്രയും നടത്തുക. എല്ലാ വർഷവും ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങളാണ് ഇതുപോലെ അറ്റ്ലാന്റിക് സമുദ്രത്തിലേക്കും, തിരികെയും ദേശാടനം നടത്തുന്നത്.

 

Atlantic Salmon Fish
Atlantic Salmon

സമുദ്രത്തിൽ നിന്ന് നദിയിലേക്കുള്ള യാത്രയിൽ ഒഴുക്കിനെതിരായാണ് അവയുടെ സഞ്ചാരം. ജലനിരപ്പിൽ നിന്ന് പത്തടി വരെ ഉയരത്തിൽ ചാടാനുള്ള കഴിവ് സാൽമൺ മത്സ്യങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ ചെറു വെള്ളച്ചാട്ടങ്ങളെ പോലും തരണം ചെയ്തു കൊണ്ടാണിവ ജനിച്ചുവീണ ജലാശയത്തിലേക്ക് തിരികെയെത്തുന്നത്.Post a Comment

0 Comments