Murrah Buffalo | മുറാ പോത്തുകളും, എരുമകളും

മുറാ പോത്തുകളും, എരുമകളും

Murrah Farm
മുറാ

മുറാ (Murrah)  ജനുസ്സിൽ പെട്ട പോത്തുകളുടെയും, എരുമകളുടെയും ജന്മദേശം ഹരിയാനയാണ്. “ഹരിയാനയുടെ അന്തസ്സ്” എന്ന ഖ്യാതി നേടിയെടുത്തവയാണിവ. എണ്ണകറുപ്പും, ആകാര വലിപ്പവും, തലയെടുപ്പും കാരണം ഇവയ്ക്ക് ഹരിയാനയുടെ കറുത്ത സ്വർണ്ണം എന്ന വിളിപ്പേരും കിട്ടിയിട്ടുണ്ട്. ഉയർന്ന രോഗപ്രതിരോധ ശേഷി, ഉയർന്ന വളർച്ചാനിരക്ക്, മികച്ച പ്രത്യുല്പാദന ക്ഷമത, ഉയർന്ന പാലുല്പാദനശേഷി ഇവയൊക്കെയാണ് മുറാ ജനുസ്സിനെ മറ്റുള്ള പോത്തുകളിൽ നിന്നും, എരുമകളിൽ നിന്നും വ്യത്യസ്തരാക്കുന്നത്.

ഹരിയാനയിലെ റോഹ്തക് (Rohtak), ജിന്ധ് (Jind), ഹിസാർ (Hisar), ഫത്തേബാദ് (Fatehabad) എന്നീ ജില്ലകളും, പഞ്ചാബിലെ പട്യാല (Patiala), നബ (Nabha)  എന്നീ ജില്ലകളും, ഡൽഹിയിലെ ഏതാനും പ്രദേശങ്ങളിലുമായാണ് ഇവയുടെ ജന്മദേശം വ്യാപിച്ചു കിടക്കുന്നത്. ജന്മദേശം ഉത്തരേന്ത്യയാണെങ്കിലും, ഇന്ന് രാജ്യത്തിൻറെ മിക്കവാറും എല്ലാ ഭാഗങ്ങളിലും മുറാ പോത്തുകളെയും, എരുമകളെയും വളർത്തുന്നുണ്ട്. കൊടും തണുപ്പിനെയും, 42-45 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടിനേയും അതിജീവിക്കാനുള്ള കഴിവുള്ളതിനാൽ മിക്ക നാടിനും ഇവ അനുയോജ്യമായി തീർന്നിരിക്കുന്നു. 

മുറായെ എങ്ങനെ തിരിച്ചറിയാം

ചെറിയ തല, നീണ്ടു തടിച്ച കഴുത്ത്, വിസ്താരമുള്ള നെറ്റിത്തടം, വശങ്ങളിലേക്ക് നീണ്ട കട്ടി കുറഞ്ഞ ചെവികൾ, അകത്തേക്ക് ചുരുണ്ട് അർധവൃത്താകൃതിയിലുള്ള വലിയ കൊമ്പുകൾ, നല്ല നീളമുള്ള ഉടൽ, തടിച്ച ശരീരം, എണ്ണക്കറുപ്പ് നിറം, നിലത്തു മുട്ടാറായ നീളമുള്ള വാൽ, വാലറ്റത്ത് ഇടതൂർന്ന് വളരുന്ന രോമം. ഇതൊക്കെയാണ് മുറായുടെ ഒറ്റ നോട്ടത്തിലുള്ള ലക്ഷണങ്ങൾ. 

Murrah Farm

അഞ്ചോ ആറോ മാസം പ്രായമായ കിടാങ്ങളെ വാങ്ങുന്നതായിരിക്കും ഉത്തമം. ഈ പ്രായത്തിൽ ഇവയ്ക്ക് 60 മുതൽ 70 വരെ കിലോഗ്രാം തൂക്കമുണ്ടാവും. എന്നാൽ ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കിടാങ്ങളിൽ മേൽ പറഞ്ഞ ലക്ഷണങ്ങൾ പ്രകടമായിരിക്കില്ല. അതിനാൽ ചെറിയ പ്രായത്തിൽ ഇത്തരം ബാഹ്യലക്ഷണങ്ങൾ നോക്കി മുറാ പോത്ത്, എരുമ കിടാങ്ങളെ തെരഞ്ഞെടുക്കുക എളുപ്പമാവില്ല. അതിനാൽ വിശ്വാസ്യതയുള്ള ഏജൻസികളിൽ നിന്നും കിടാങ്ങളെ വാങ്ങുന്നതാവും അഭികാമ്യം.

മുറായുടെ പരിപാലന രീതികൾ

മുറാ പോത്തുകൾക്കും, എരുമകൾക്കും വിപുലമായ രീതിയിലുള്ള പാർപ്പിടം സജ്ജമാക്കേണ്ട ആവശ്യമില്ല. കാരണം, പകൽ മുഴുവൻ സാധാരണ പാടത്തോ, പറമ്പിലോ അഴിച്ചു വിട്ടാണ് വളർത്തുന്നത്. രാത്രിയിൽ അവയ്ക്ക് കഴിയാനായി വളരെ പരിമിതമായ പാർപ്പിടം ഒരുക്കിയാൽ മതിയാവും. എന്നാൽ മുഴുവൻ സമയവും തൊഴുത്തിൽ കെട്ടി വളർത്തുന്നവയ്ക്കായി അല്പം സൗകര്യങ്ങളുള്ള തൊഴുത്ത് തന്നെ ഒരുക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ചും പാലുല്പാദനത്തിനു വേണ്ടി വളർത്തുന്ന എരുമകളെ തൊഴുത്തിനുള്ളിൽ തന്നെ പരിപാലിക്കുന്നതാണ് ഉത്തമം.

വെള്ളക്കെട്ടില്ലാത്ത സ്ഥലം വേണം തൊഴുത്തിനായി തെരഞ്ഞെടുക്കേണ്ടത്. തറ നിരപ്പിൽ നിന്ന് ഒരടി പൊക്കത്തിൽ തറ കോൺക്രീറ്റ് ചെയ്യണം. പൂർണ്ണവളർച്ചയെത്തിയ ഒരു പോത്തിന് നിൽക്കാനുള്ള സ്ഥലം തീറ്റതൊട്ടിയും, ചാണകച്ചാലും ഉൾപ്പെടെ 5 ചതുരശ്രമീറ്ററാണ് (3.6 x 1.3 മീറ്റർ). 3 മാസം വരെയുള്ള കിടാങ്ങൾക്ക് 2.5 ചതുരശ്രമീറ്ററും, 3 മാസം മുതൽ ഒരു വർഷം വരെ പ്രായമുള്ള കിടാങ്ങൾക്ക് 3.5 ചതുരശ്ര മീറ്റർ സ്ഥലവും ആവശ്യമാണ്. മേൽകൂരയ്ക്ക് തറ നിരപ്പിൽ നിന്ന് 4 മീറ്റർ ഉയരമെങ്കിലും ഉണ്ടായിരിക്കണം.

Murrah Farm

മുറായുടെ ആഹാര രീതികൾ

ഒരു പോത്തിന്, അതിന്റെ ശരീരതൂക്കത്തിന്റെ പത്തിലൊന്ന് എന്നയളവിൽ തീറ്റപ്പുല്ല് നൽകേണ്ടതുണ്ട്. ഉദാഹരണത്തിന് 100 കിലോ തൂക്കമുള്ള ഒരു പോത്തിന് ദിവസവും 10 കിലോ തീറ്റപുല്ല് നൽകേണ്ടതുണ്ട്. അതിനാൽ ഇതിനോടനുബന്ധിച്ച് തീറ്റപ്പുൽ കൃഷിയും ചെയ്യുന്നത് അഭികാമ്യമാണ്. തീറ്റപ്പുല്ലിനു പുറമെ പിണ്ണാക്കും, തവിടും, ധാന്യങ്ങളും സമാസമം ചേർത്ത മിശ്രിതം 2 മുതൽ 3 കിലോഗ്രാം വരെ ഒരു പോത്തിന് ദിവസവും നൽകണം. പോഷകങ്ങളടങ്ങിയ ധാതുജീവക മിശ്രിതവും പതിവായി നൽകുന്നത് അവയുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. അതുപോലെ തന്നെ പഴം- പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയും നൽകാവുന്നതാണ്.  മറ്റൊരു പ്രധാന കാര്യം ഇവയ്ക്ക് കുടിക്കുന്നതിന് വേണ്ടത്ര ശുദ്ധജലം ലഭ്യമാക്കുക എന്നുള്ളതാണ്.

മാംസോത്പാദനം

ഏതു പരിസ്ഥിതിയും ഇണങ്ങുമെന്നതും, നല്ല വളർച്ചാനിരക്കുള്ളതും മുറാ പോത്തുകളെ മാംസോത്പാദനത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ബീഫ് വളരെ പ്രചാരത്തിലുള്ള ഒരു ഭക്ഷണ വിഭവമായതിനാൽ മാംസത്തിന്റെ ആവശ്യകത അധികമാണ്. എന്നാൽ ആഭ്യന്തര ഉത്പാദനം കുറവായതിനാൽ മുറാ പോത്തുവളർത്തൽ വളരെ ആദായകരമായ ഒരു സംരംഭം തന്നെയായിരിക്കും. ഇവയുടെ പരിപാലന ചെലവ് കുറവാണെന്നതും, ഉയർന്ന രോഗപ്രതിരോധ ശേഷിയും മുറാ പോത്തു വളർത്തലിനെ ആദായകരമാക്കുന്നു..

പകൽ സമയങ്ങളിൽ പാടത്തോ, തോട്ടിലോ, മറ്റു വെള്ളക്കെട്ടിലോ മുങ്ങിക്കിടക്കുക എന്നത് ഇവയുടെ സ്വഭാവമാണ്. ശരീരോഷ്മാവ് നിയന്ത്രിക്കാനും, ശരീരത്തിന്റെ സമ്മർദ്ദം കുറയ്ക്കാനുമാണ് പോത്തുകൾ ഇങ്ങനെ ജലക്രീഡ നടത്തുന്നത്. ഇത്തരം ജലക്രീഡ ഇവയുടെ വളർച്ചാവേഗം ത്വരിതപ്പെടുത്തുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Murrah Farm

മാംസത്തിന്റെ മേന്മയും, സ്വാദും പരിഗണിച്ച് രണ്ടര -  മൂന്ന് വയസ്സിനുള്ളിൽ പോത്തുകളെ വിപണിയിലെത്തിക്കുന്നതാണ് ഉത്തമം. ഉത്സവ സീസണുകളിൽ മുറാ പോത്തുകൾക്ക് നല്ല വില ലഭിക്കുമെന്നത് മനസ്സിലാക്കിയിരിക്കേണ്ടതാണ്.

പാലുല്പാദനത്തിനായി മുറാ എരുമകളെ വളർത്താം

മുറാ എരുമകൾക്ക് ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളതിനാൽ സാധാരണ കണ്ടു വരുന്ന അകിടുവീക്കം പോലുള്ള രോഗങ്ങൾ വളരെ വിരളമായേ വരാറുള്ളൂ. പശുവിൻ പാലിനേക്കാൾ കൊഴുപ്പു കൂടിയതിനാൽ മറ്റ് പാലുല്പന്നങ്ങൾ ഉണ്ടാക്കുന്നതിനായാണ് എരുമപ്പാൽ ഉപയോഗിക്കുന്നത്.

Murrah Farm

പ്രായപൂർത്തി എത്തിയ എരുമയ്ക്ക് ദിവസവും 40 മുതൽ 45 കിലോ വരെ പച്ചപ്പുല്ലും, ഒരു കിലോ ഗ്രാം കാലിത്തീറ്റയും നൽകേണ്ടതുണ്ട്. പുല്ലിന്റെ ലഭ്യത കുറവാണെങ്കിൽ 25 കിലോ പുല്ലും, 5 കിലോ വൈക്കോലും നൽകാവുന്നതാണ്. ഗർഭിണികളായവയ്ക്ക് ഒന്നര കിലോ കാലിത്തീറ്റ കൊടുക്കേണ്ടതുണ്ട്. എപ്പോഴും ആവശ്യമായ ശുദ്ധജലം ലഭ്യമാക്കേണ്ടതാണ്.

പ്രജനനത്തിനായി കൃത്രിമ ബീജസങ്കലനമാണ് അഭികാമ്യം. രാവിലെ മദി കാണിക്കുന്നവയെ ഉച്ചയ്ക്ക് ശേഷവും, വൈകുന്നേരം മദി കാണിക്കുന്നവയെ രാവിലെയുമാണ് കുത്തിവയ്‌ക്കേണ്ടത്. എരുമകളിലെ ഗർഭകാലം ദിവസമാണ്. പ്രസവത്തിന് ഒരു മാസം മുമ്പ് വിരയ്ക്കുള്ള മരുന്ന് നൽകണം. പ്രസവത്തിന് രണ്ടാഴ്ച മുമ്പു തന്നെ അകിട് പാൽ നിറഞ്ഞ് വീർക്കുകയും,മറ്റുള്ളവയിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുകയും ചെയ്യും. എരുമകളിൽ രണ്ട് പ്രസവങ്ങൾക്കിടയിലുള്ള സമയം രണ്ടോ മൂന്നോ വർഷമായിരിക്കും.

നാടൻ പോത്തുകളുടെയും, എരുമകളുടെയും വർഗ്ഗഗുണം മെച്ചപ്പെടുത്താം

നമ്മുടെ നാട്ടിൽ സാധാരണയായി കണ്ട് വരുന്നത് വർഗ്ഗഗുണം കുറഞ്ഞ നാടൻ പോത്തുകളും, എരുമകളുമാണ്. എന്നാൽ ഇവയുടെ വർഗ്ഗമേന്മ ഉയർത്തുന്നതിനായി നാടൻ എരുമകളിൽ ഗുണനിലവാരമുള്ള മുറാ പോത്തുകളുടെ ബീജമുപയോഗിച്ച് കൃത്രിമ ബീജസങ്കലനം നടത്തുന്നു. ഇതുവഴി ഓരോ തലമുറ കഴിയുന്തോറും മുറായുടെ ജനിതക മികവുള്ള കിടാങ്ങളെ ഉല്പാദിപ്പിക്കാൻ കഴിയും. ബ്രസീൽ, ഇറ്റലി, ബൾഗേറിയ, ഫിലിപൈൻസ്, മലേഷ്യ, ഈജിപ്ത്, ചൈന, റഷ്യ, ഇൻഡോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും മുറായുടെ ബീജമുപയോഗിച്ചുള്ള കൃത്രിമ ബീജസങ്കലനം നടത്തുന്നുണ്ട്.

Post a Comment

0 Comments