നാടൻ പശുക്കൾ
വെച്ചൂർ പശു
കേരളത്തിന്റെ അഭിമാനമായി മാറിയ പശുയിനമാണ് വെച്ചൂർ
പശുക്കൾ. വെച്ചൂർ എന്ന ഗ്രാമത്തിലാണ് ഈയിനത്തിലുള്ള പശുക്കളെ കണ്ടുവന്നിരുന്നത്. കേരളത്തിലെ
കോട്ടയം ജില്ലയിലുള്ള ഒരു ഗ്രാമമാണ് വെച്ചൂർ. അതിനാലാണ് ഇവയ്ക്ക് വെച്ചൂർ പശു എന്ന
പേര് ലഭിച്ചത്. ഉയരക്കുറവ്, ഉയർന്ന രോഗപ്രതിരോധ ശേഷി, പാലിന്റെ ഔഷധഗുണം എന്നിവയാണ്
വെച്ചൂർ പശുക്കളുടെ മേന്മയായി കണക്കാക്കുന്നത്.
മറ്റു പ്രത്യേകതകൾ
പശുക്കളുടെ തൂക്കം ഏകദേശം 130 കിലോഗ്രാമും, കാളയുടേത്
170 കിലോഗ്രാമുമാണ്. നീളം ഏതാണ്ട് 125സെന്റിമീറ്ററും ഉയരം പരമാവധി 90cസെന്റിമീറ്ററുമാണ്.
കറുപ്പ്, വെളുപ്പ്, കടും തവിട്ട് എന്നീ ഒറ്റ നിറങ്ങളിലാണ് ഇവയുള്ളത്. വാൽ നിലത്തു സ്പർശിക്കുന്ന
വിധത്തിൽ നീളമുള്ളതാണ്. വളഞ്ഞ കൊമ്പുകളുള്ള ഇവ കാഴ്ചയ്ക്കും മനോഹരമാണ്. ചൂടും, ഈർപ്പവുമുള്ള
കാലാവസ്ഥകളുമായി ഇണങ്ങി ജീവിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
മൂന്ന് ലിറ്ററിൽ താഴെയാണ് ഇവയുടെ പ്രതിദിന പാലുല്പാദനമെങ്കിലും
കൊഴുപ്പിന്റെ അളവ് 6 ശതമാനത്തിലധികമാണ്. പാലിലടങ്ങിയിരിക്കുന്ന ഫോസ്പോലിപിഡ് കുട്ടികളുടെ
ബുദ്ധിവികാസത്തിനും, പോഷകമൂല്യത്തിനും വളരെ നല്ലതാണ്. ഇവയുടെ പാലിൽ ഹൃദ്രോഗത്തെയും പ്രമേഹത്തെയും തടയുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഓട്ടിസം, സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം എന്നീ
രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
പരിപാലനം
പൊതുവേ ശാന്തശീലരായ ഇവയെ പരിപാലിക്കാൻ വളരെ എളുപ്പമാണ്. വലിപ്പം കുറഞ്ഞയിനം പശുവായതിനാൽ കുറച്ചാഹാരമേ ഇവയ്ക്കാവശ്യമായി വരുന്നുള്ളു. പാലുൽപാദനം താരതമ്യേന വളരെ കുറവാണെങ്കിലും പാലിന്റെ ഔഷധ ഗുണത്തിൽ ഏറെ മുന്നിലാണ്. ഒരു ചെറിയ കുടുംബത്തിനാവശ്യമായ പാൽ ലഭിക്കുമെന്നതും, ചെലവുകുറഞ്ഞ പരിപാലനവും, ഉയർന്ന രോഗപ്രതിരോധ ശേഷിയും വെച്ചൂർ പശുക്കളെ വളരെ പ്രയങ്കരമാക്കി തീർത്തിട്ടുണ്ട്.
കപില
ഒരു വീട്ടിലേക്ക് ആവശ്യമായ പാലും, അവിടുത്തെ
കൃഷിക്കാവശ്യമായ ചാണകവും, മൂത്രവുമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ കപില പശു ഏറ്റവും
അനുയോജ്യമായതാണ്. ഈ നാടൻ പശുവിന്റെ പാൽ വളരെ ഔഷധ ഗുണമുള്ളതാണ്. ഇവ ആശ്രമ പശുക്കൾ എന്നും
അറിയപ്പെടുന്നുണ്ട്. കപില മഹർഷി തന്റെ ആശ്രമത്തിൽ വളർത്തിയിരുന്നയിനം പശുവായതു കൊണ്ടാണിവയ്ക്ക്
കപില എന്ന പേരു വന്നത്. പണ്ടിവയെ ക്ഷേത്രങ്ങളിൽ മാത്രമാണ് വളർത്തിയിരുന്നത്. കപില പശുക്കളുടെ
പാലിന്റെയും, ചാണകത്തിന്റെയും, മൂത്രത്തിന്റെയും ഉയർന്ന ഔഷധഗുണം കണക്കിലെടുത്താണ് ചില മരുന്നു നിർമ്മാണത്തിൽ ഇതുപയോഗിക്കുന്നത്..
ഏകദേശം 85 സെ.മീറ്റർ ഉയരം, 150 കിലോയിൽ താഴെ
മാത്രം ഭാരം, ചെറിയ കൊമ്പുകൾ ഇതൊക്കെയാണ് കപില പശുവിന്റെ ലക്ഷണങ്ങൾ. കാലാവസ്ഥയ്ക്കനുസരിച്ച്
നിറം മാറാനുള്ള കഴിവും ഇവയ്ക്കുണ്ട്. തണുപ്പു കാലത്ത് ഇരുണ്ട നിറവും, വേനൽകാലത്ത് ഇളം
നിറവുമായിരിക്കും. ഉയർന്ന രോഗപ്രതിരോധ ശേഷിയാണിവയ്ക്ക്. വളരെ കുറച്ച് ഭക്ഷണം കഴിക്കുന്ന കപില പശുക്കൾക്ക്
പരമാവധി രണ്ട് ലിറ്റർ പാൽ മാത്രമേ ലഭിക്കുകയുള്ളൂ.
ഇവയുടെ പാലിൽ നിന്നുണ്ടാക്കുന്ന വെണ്ണ, നെയ്യ് എന്നിവയ്ക്ക് സ്വർണ്ണത്തിന്റെ നിറമാണ്.
കപില പശുക്കളുടെ പിത്തസഞ്ചിയിൽ ഗോരോചനമുണ്ട്. ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന
ഒരൗഷധമാണ് ഗോരോചനം.
................................................................................................................................................................
വായിക്കാം....
.....................................................................................................................................................
കൃഷ്ണവാലി പശു
കാസർഗോഡ് കുള്ളൻ പശു (Kasaragod Dwarf Cow)
കേരളത്തിലെ മറ്റൊരു വലിപ്പം കുറഞ്ഞയിനം പശുവാണ്
കാസർഗോഡ് കുള്ളൻ പശു. കാസർഗോഡാണ് ഇവയുടെ ജന്മദേശം. അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങളും,
കരിയിലകളുമാണ് ഇവയുടെ ഭക്ഷണം. മറ്റു ഭക്ഷണങ്ങൾ ആവശ്യമില്ലാത്തതിനാൽ മലമ്പ്രദേശങ്ങളിൽ
വസിക്കുന്നതിനു ഇവയ്ക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടാറില്ല.
പ്രത്യേകതകൾ
ഇവയുടെ ഉയരം ഏകദേശം 95 സെ.മീറ്ററാണ്. കറുപ്പ്,
ചുവപ്പിന്റെ വകഭേദങ്ങൾ എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. ഏതെങ്കിലും ഒറ്റ നിറമായിരിക്കും
ഇവയുടേത്. ജനിച്ചു വീഴുന്ന കിടാങ്ങൾക്ക് പത്ത് കിലോഗ്രാം തൂക്കമുണ്ടാവും. പൂർണ്ണ വളർച്ചയെത്തിയ
കാളകൾക്ക് 200 കിലോഗ്രാം വരെയും, പശുക്കൾക്ക് 150 കിലോഗ്രാം വരെയും തൂക്കമുണ്ടാവും.
മനുഷ്യരുമായി പെട്ടെന്നിണങ്ങുന്ന ഇനമാണിത്.
പ്രതിദിനം രണ്ടു മുതൽ മൂന്ന് ലിറ്റർ വരെ മാത്രമേ
പാൽ കിട്ടുകയുള്ളു. അതിനാൽ പാലിനു വേണ്ടി ഇവയെ വളർത്തുന്നത് അഭികാമ്യമല്ല. പെട്ടെന്നു
വളർച്ചയെത്തുന്ന ഇനമായതിനാൽ മാംസത്തിനും, അതുപോലെ ജൈവകൃഷിക്കുമായുമാണ് ഇവയെ വളർത്തുന്നത്.
വടകര പശു
കേരളത്തിലെ വടകരയുടെ സ്വന്തം നാടൻ പശുയിനമാണ്
വടകര കുള്ളൻ അഥവാ വടകര പശു. വടകര താലൂക്കിലെ പരമ്പരാഗത കർഷകരാണ് കൂടുതലായും ഈ പശുക്കളെ
വളർത്തുന്നത്. കേരളത്തിലെ തന്നെ വെച്ചൂർ പശുക്കളുമായി ഏറെ സാമ്യമുള്ളവയാണിവ.
പ്രത്യേകതകൾ
100 മുതൽ 125 സെന്റീമീറ്റർ വരെയാണ് ഇവയുടെ ഉയരം.
ഇരു വശത്തേക്കും വളരുന്ന ചെറിയ കൊമ്പുകളും, മുതുകില് പൂഞ്ഞയും, കഴുത്തിലെ താടയും, നിലത്തു
മുട്ടുന്ന വാലും ഇവയുടെ ലക്ഷണങ്ങളാണ്. മൂന്ന് മുതൽ നാലു ലിറ്റർ വരെ ദിവസവും പാൽ ലഭിക്കും.
പത്തു മാസം വരെയാണ് ഇവയുടെ കറവക്കാലം. വർഷം തോറും പ്രസവിക്കുന്ന ഇനമാണ് വടകര കുള്ളൻ
പശുക്കൾ. ഉയർന്ന രോഗപ്രതിരോധ ശേഷിയാണിവയ്ക്ക്.
ചെറുവള്ളി പശു
ഇപ്പോഴും മനുഷ്യരുമായി ഇണങ്ങാൻ മടികാണിക്കുന്ന
ഒരു തരം കാട്ടുപശുവാണ് ചെറുവള്ളി പശു. പണ്ട് വനങ്ങളിൽ മാത്രമാണ് ഇവയെ കണ്ടിരുന്നത്.
കേരളത്തിൽ, കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റേറ്റിലാണ് ഈ പശുവിനെ കണ്ടെത്തിയത്. അതിനാലാണിവയ്ക്ക്
ചെറുവള്ളി പശു എന്ന പേര് കിട്ടിയത്. അക്രമ സ്വഭാവം കാണിക്കുന്നതിൽ വിരുതരാണിവ. സാധാരണ
പശുക്കളുടെ വലിപ്പമുണ്ടാവുമെങ്കിലും തീറ്റ നന്നേ കുറവ് മതി. ദിവസേന രണ്ടു ലിറ്റർ വരെ
നല്ല ഔഷധഗുണമുള്ള പാൽ തരുന്ന ഇവയ്ക്ക് ഉയർന്ന രോഗപ്രതിരോധ ശേഷിയാണ്. പുല്ലാണ് ഇവയുടെ
പ്രധാന ആഹാരം.
ഗിർ പശു
ഗുജറാത്തിലെ ഗിർ വനമേഖലയിൽ കണ്ടെത്തിയ നാടൻ പശുയിനമാണ്
ഗിർ പശുക്കൾ. നല്ല വലിപ്പമുള്ള ഇവ കാണാനും നല്ല ഭംഗിയുള്ളവയാണ്. ദിവസേന ഇരുപത് ലിറ്റർ
വരെ നല്ല ഔഷധഗുണമുള്ള പാൽ തരുന്നവയാണ് ഗിർ പശുക്കൾ. ഏകദേശം 130 സെന്റിമീറ്റർ വരെ ഉയരവും,
380 കിലോഗ്രാം വരെ തൂക്കവുമുണ്ടായിരിക്കും. വലിയ ചെവികളാണ് ഇവയ്ക്കുള്ളത്. ഉത്തരേന്ത്യയിൽ
വ്യാപകമായി ഈ പശുക്കളെ കാണാൻ കഴിയും.
ഹൈറേഞ്ച് കുള്ളൻ പശു
മലമേട്ട് കന്ന് എന്നറിയപ്പെടുന്ന ഈയിനം പശുക്കൾ
തമിഴ്നാട്ടിലെ മധുരയിലും, പശ്ചിമഘട്ടത്തിലുമാണ് കണ്ടുവരുന്നത്. തീറ്റ വളരെ കുറവു മതിയെങ്കിലും
ഉയർന്ന രോഗപ്രതിരോധ ശേഷിയാണിവയ്ക്ക്. ദിവസേന രണ്ടു ലിറ്റർ വരെ പാൽ ലഭിക്കും. കുത്തനെയുള്ള
മലകളിൽ പോലും കയറാൻ കഴിവുള്ള ഇവയുടെ ത്വക്കിന് കടുത്ത വെയിലും, മഴയും പ്രതിരോധിക്കാനുള്ള
കഴിവുണ്ട്.
Please do not enter any spam link in the comment box