African Lovebirds | ആഫ്രിക്കൻ ലൗവ് ബേർഡ്‌സ്

ആഫിക്കൻ ലൗവ് ബേർഡ്‌സ്

African lovebirds
അഗാപോണിസ് എന്ന ഗണത്തിൽ പെടുന്ന ആഫിക്കൻ തത്തകൾ എല്ലാ ലൗവ് ബേർഡ്‌സ് ആരാധകരെയും ആകർഷിക്കുന്നവയാണ്. ഒരിക്കലും പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കാത്ത ഇണകൾ തമ്മിലുള്ള അഗാധബന്ധം ലൗവ് ബേർഡ്‌സ് എന്ന പേര് അന്വർത്ഥമാക്കുന്നു. ഇവയുടെ ജന്മദേശം ആഫ്രിക്കയാണെങ്കിലും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്തതാണ് വ്യാപനത്തിന് കാരണമായത്. പീച്ച്ഫേസ്, മാസ്ക്ഡ്, ഫിഷർ എന്നീ മൂന്നിനം കുഞ്ഞൻ തത്തകളാണ് ഏറെ പ്രിയങ്കരമായവ.

പീച്ച്ഫേസ് ആഫ്രിക്കൻ തത്ത

African Lovebirds

തലയിൽ വെള്ള, ചുവപ്പ്, ഓറഞ്ച് നിറത്തോടു കൂടിയതും, കണ്ണിനു ചുറ്റും വലയം ഇല്ലാത്തതും ഇവയുടെ ലക്ഷണങ്ങളാണ്. ഗ്രീൻ പീച്ച് ഫേസ്, അക്വാ ബ്ലൂ പീച്ച്, ഡച്ച് ബ്ലൂ പീച്ച്, ലൂട്ടിനോ പീച്ച് ഫേസ്, സിന്നമൺ പീച്ച്, ഒലീവ് പീച്ച് എന്നിവയാണ് അധികം പ്രചാരത്തിലുള്ള  പീച്ച്ഫേസ് ആഫ്രിക്കൻ തത്തകൾ. നേരിയ മഞ്ഞ നിറത്തിലുള്ള കൊക്കായിരിക്കും ഇവയ്ക്കുള്ളത്.

മാസ്ക്ഡ് ആഫ്രിക്കൻ തത്ത

African Lovebirds

രോഗപ്രതിരോധ ശേഷി കൂടുതലുള്ള ഇനമാണിവ. തിളങ്ങുന്ന പച്ച നിറത്തിലുള്ള ഉടലും, കറുപ്പു നിറത്തിലുള്ള  തലയും ചുവന്ന ചുണ്ടുകളും, കണ്ണിനു ചുറ്റും കട്ടിയുള്ള വെളുത്ത വളയം ഇവയുടെ പ്രത്യേകതയാണ്. ഇവയ്ക്ക് പീച്ച് ഫേസിനേക്കാൾ വലിപ്പം കുറവാണ്.

ഫിഷർ ആഫ്രിക്കൻ തത്ത

African Lovebirds
ഫിഷർ ആഫ്രിക്കൻ തത്തകൾക്ക് മാസ്കുകളുമായി വലിയ വ്യത്യാസം കാണപ്പെടുന്നില്ല. തലയുടെ നിറം ചുവപ്പ് കലർന്ന ഓറഞ്ച് നിറമായിരിക്കും. നെഞ്ചിന്റെ ഭാഗത്ത് മഞ്ഞ കലർന്ന ഓറഞ്ച് നിറമായിരിക്കും. ഇവർ ശരിക്കും പറഞ്ഞാൽ ടാൻസാനിയക്കാരാണ്.

ഭക്ഷണം

ധാന്യങ്ങൾ, തളിരിലകൾ, തിന, ഗോതമ്പ്, സൂര്യകാന്തിയുടെ കുരു എന്നിവയാണ് പ്രധാന ഭക്ഷണങ്ങൾ. പയർ, തുളസിയില, പുതിനയില, മല്ലിയില, ചീരയില, വെള്ളരി, കാരറ്റ് എന്നിവയും ഇവയ്ക്ക് കൊടുക്കാവുന്നതാണ്. പ്രതിരോധ ശേഷി വർദ്ധിക്കാനും, രോഗങ്ങൾ വരാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് ഉത്തമമാണ്. പ്രജനന സമയത്ത് ഗോതമ്പ് നൽകുന്നത് നല്ലതല്ല. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടതാണ്. വെള്ളം കൊടുക്കുന്ന പാത്രം ദിവസവും വൃത്തിയാക്കി പുതിയ വെള്ളം നിറയ്‌ക്കേണ്ടതാണ്. കൂടാതെ വൈറ്റമിൻ, കാൽസ്യം തുടങ്ങിയ സപ്ലിമെന്റുകളും നൽകേണ്ടതാണ്.

ആൺ, പെൺ കിളികളെ എങ്ങനെ തിരിച്ചറിയാം

ആൺകിളികൾ പെൺകിളികളേക്കാൾ വലിപ്പത്തിൽ ചെറുതായിരിക്കും. ആൺകിളികളുടെ തല പെൺകിളികളേതിനേക്കാൾ വൃത്താകൃതിയിലുള്ളതായിരിക്കും. മറ്റൊരു മാർഗം ഡി.എൻ.എ ടെസ്റ്റ് ചെയ്യുക എന്നുള്ളതാണ്.

പ്രജനനം

പരിസരവുമായി ഇണങ്ങി പ്രജനനം നടത്തുന്നതിൽ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഈ സമയത്ത് ഒരു തരത്തിലും ഇവയെ ശല്യപ്പെടുത്താൻ പാടുള്ളതല്ല. ശരാശരി അഞ്ചു മുട്ടകളാണ് ഒരു സമയത്ത് ഇവ ഇടാറുള്ളത്. ഒന്നോ രണ്ടോ ദിവസം ഇടവിട്ടാണ്  മുട്ടയിടുന്നത്. വർഷത്തിൽ മൂന്നോ നാലോ തവണ ഇതുപോലെ മുട്ടയിടാറുണ്ട്. മുട്ട വിരിയുന്നതിനു 21 മുതൽ 23 ദിവസം വരെ വേണ്ടി വരും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ തന്നെയാണ് ഭക്ഷണം നൽകുന്നത്. എന്തെങ്കിലും കാരണത്താൽ ഭക്ഷണം വേണ്ടത്ര കിട്ടാതെ വരുന്ന കുഞ്ഞുങ്ങൾക്ക് ഹാൻഡ് ഫീഡിങ്ങ് നൽകേണ്ടതാണ്. മുട്ട വിരിഞ്ഞ് പത്താം ദിവസം കുഞ്ഞുങ്ങൾ കണ്ണു തുറക്കും. 30 മുതൽ 35 ദിവസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങൾ കൂടിനു പുറത്തേയ്ക്ക് വരാനും, പറക്കാനും തുടങ്ങും.

African Lovebirds
പ്രജനന കാലത്ത് ഉയർന്ന മാംസ്യാഹാരം വേണം മാതാപിതാക്കൾക്ക് നൽകേണ്ടത്. മുട്ടയിടുന്നതിനായി മൺകുടങ്ങൾ ക്രമീകരിക്കാവുന്നതാണ്. ചകിരി നാരുകൾ, പഞ്ഞി, വൈക്കോൽ എന്നിവ ഇട്ടുകൊടുത്താൽ അവ സ്വയം കൂടൊരുക്കുന്നതാണ്.

പക്ഷിക്കൂട്

കൂട് സ്ഥാപിക്കുന്നത് ഒരിക്കലും സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്തായിരിക്കരുത്. ഒരു ജോടി കിളികൾക്ക്  3 x 2 x 2 അടി വലിപ്പമുള്ള കൂടാണ് ആവശ്യമായുള്ളത്. അല്പം വലിപ്പമുള്ള കുടമോ, 8 x 6 x 6 വലിപ്പമുള്ള ചതുരപെട്ടികളോ ഇവയ്ക്ക് മുട്ടയിടുന്നതിനുള്ള കൂടുണ്ടാക്കാനായി തെരഞ്ഞെടുക്കാവുന്നതാണ്. രണ്ടു മുതൽ രണ്ടര ഇഞ്ചു വരെ വ്യാസമുള്ളതായിരിക്കണം കൂടിലേക്കുള്ള പ്രവേശനദ്വാരം. കൂടിനകത്ത് കിളികൾക്ക് പറക്കാനുള്ള സൗകര്യമുണ്ടെങ്കിൽ അവയ്ക്ക് വ്യായാമവും കിട്ടും.

ഇവയ്ക്ക് കുളിക്കാനുള്ള വെള്ളം കുറച്ച് വലിയ പാത്രത്തിൽ ഒരുക്കി വയ്‌ക്കേണ്ടതാണ്. കുളിക്കാനും, കുടിക്കാനുമുള്ള വെള്ളം പ്രത്യേകമായി ഒരുക്കണം. രണ്ടും എല്ലാ ദിവസവും വൃത്തിയാക്കി പുതിയ വെള്ളം നിറയ്ക്കുകയും വേണം. കൂടുകൾ എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ലൈസോൾ പോലുള്ള ലോഷൻ വെള്ളവുമായി മിക്സ് ചെയ്ത് നേർപ്പിച്ചെടുത്ത ലായനിയിൽ കൂട്  കഴുകുന്നതാണ് ഉത്തമം.      

വിപണിയിൽ ഏകദേശം 2,500 രൂപ മുതൽ വിലയുണ്ട് ഈ കുഞ്ഞൻ പക്ഷികൾക്ക്. ഇവയ്ക്ക് സാധാരണ തത്തകളെ പോലെ സംസാരിക്കാനോ മനുഷ്യശബ്ദം അനുകരിക്കാനോ ഉള്ള കഴിവില്ല. ആകർഷകമായ വർണ്ണ വൈവിധ്യമാണ് ഇവയെ കൂടുതൽ പ്രിയങ്കരമാക്കുന്നത്. നല്ല രീതിയിൽ പരിപാലിച്ചാൽ പതിനെട്ടു മുതൽ ഇരുപത് വർഷം വരെ ആഫ്രിക്കൻ ലൗ ബേർഡ്‌സ് ജീവിച്ചിരിക്കുമെന്നാണ് കണക്ക്.  

Post a Comment

0 Comments