Vastu and Aquarium_വാസ്തുവും അക്വേറിയവും

ചൈനീസ് വാസ്തുവും അക്വേറിയവും

aquarium

ചൈനക്കാരുടെ വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കുവാനും, അതുവഴി ഭാഗ്യം കൊണ്ടുവരാനും അക്വേറിയത്തിനു  സാധിക്കുമെന്നാണ് വിശ്വാസം. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും ഊർജ്ജത്തിന്റെ സ്രോതസ് ഉണ്ടെന്നു കരുതപ്പെടുന്നു. പ്രത്യേകിച്ച് മത്സ്യങ്ങൾ പോസിറ്റീവ് എനർജിയുടെ വാഹകരായാണ് കണക്കാക്കപ്പെടുന്നത്. അനുയോജ്യമായ സ്ഥാനങ്ങളിൽ ഇവയ്ക്ക് വാസസ്ഥലം ഒരുക്കിയാൽ ആ ഊർജ്ജത്തിന്റെ ഒരു വിഹിതം മനുഷ്യരിലേക്കും എത്തുമെന്നാണ് ശാസ്ത്രം പറയുന്നത്. മത്സ്യവളർത്തൽ വാസ്തുദോഷങ്ങൾക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ്. അതുകൊണ്ടു തന്നെയാണ് വീടുകളിൽ മത്സ്യത്തെ വളർത്തുന്നതിൽ പ്രാധാന്യം നൽകുന്നതും. വീടിനുള്ളിൽ മാത്രമല്ല ഓഫീസ്, സ്ക്കൂൾ, വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ എന്നിവിടങ്ങളിലും അക്വേറിയം സ്ഥാപിക്കുന്നത് നല്ലതാണ്.

 എട്ട് സ്വർണ്ണമത്സ്യങ്ങളും, ഒരു കറുത്ത മത്സ്യവും

Aquarium

എട്ട് സ്വർണ്ണമത്സ്യങ്ങളും, ഒരു കറുത്ത മത്സ്യവും ചേർന്ന് ഒമ്പതു മത്സ്യങ്ങൾ. അതാണ് ഭാഗ്യ വർധനയ്ക്കായി ഫെങ്ഷുയി നിർദ്ദേശിക്കുന്നത്. വീടിന് ഭംഗിയും, ഭാഗ്യവുമാണീ ഒമ്പത് മത്സ്യങ്ങൾ. സ്വീകരണമുറിയുടെ കിഴക്ക് അല്ലെങ്കിൽ തെക്കു കിഴക്ക് ദിക്കുകളിൽ അക്വേറിയം വയ്ക്കുന്നതാണ് അഭികാമ്യം. അടുക്കള, കുളിമുറി, കിടപ്പുമുറി എന്നിവിടങ്ങളിൽ അക്വേറിയം വയ്ക്കാൻ പാടുള്ളതല്ല. അത് ധനവും, ആരോഗ്യവും ക്ഷയിക്കുന്നതിന് കാരണമാകും. സമ്പത്തിനായി അക്വേറിയം തെക്കുകിഴക്ക് ദിശയിലും ,തൊഴിൽ ഉയർച്ചയ്ക്കായി വടക്കു ദിക്കിലും, കുടുംബത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുമായി  കിഴക്കു വശത്തുമാണ് സ്ഥാപിക്കേണ്ടത്.  ദിവസവും ഒരു മണിക്കൂറെങ്കിലും വെയിൽ ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കേണ്ടത്. എന്നാൽ കൂടുതൽ വെയിൽ നല്ലതുമല്ല. ഫിഷ് ടാങ്കിലെ വെള്ളം എപ്പോഴും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ പ്രാധാന്യമുള്ളതാണ് വെള്ളത്തിൽ ആവശ്യമായ ഓക്സിജൻ ഉറപ്പു വരുത്തുക എന്നുള്ളത്.

സാമ്പത്തികാഭിവൃദ്ധി ഉണ്ടാവാൻ അക്വേറിയത്തിനു വേണ്ടത് അഞ്ച് പ്രധാന ഘടകങ്ങളാണ്. വെള്ളം, സസ്യങ്ങൾ, ഏതെങ്കിലും ലോഹത്തിന്റെ സാന്നിധ്യം, ഭൂമിയെ സൂചിപ്പിക്കുന്നതിന് കല്ലോ, മണലോ, തീയെ സൂചിപ്പിക്കുന്നതിന് അക്വേറിയം ലൈറ്റോ, പല വർണ്ണത്തിലുള്ള മത്സ്യങ്ങളോ.

എപ്പോഴും മത്സ്യങ്ങളുടെ സംഖ്യ ഇതേ അനുപാതത്തിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഒരു മത്സ്യം ചത്തുപോയാൽ ഉടൻ തന്നെ അതിനു പകരം പുതിയതിനെ ടാങ്കിൽ നിക്ഷേപിക്കേണ്ടതാണ്. വീട്ടിലുള്ള ആർക്കെങ്കിലും വരേണ്ടിയിരുന്ന ദോഷം മീൻ ചാവുന്നതിലൂടെ ഒഴിവാകുമെന്നാണ് വിശ്വാസം.

അക്വേറിയത്തിലെ മത്സ്യങ്ങളുടെ ദ്രുതചലനം പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുകയും അതുവഴി ഗൃഹത്തിൽ ആരോഗ്യവും സമ്പത്തും വർദ്ധിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ചില പ്രത്യേകയിനം മത്സ്യങ്ങളെ വളർത്തിയാൽ കൂടുതൽ ഐശ്വര്യവും, സമ്പത്തും വന്നു ചേരുന്നതാണ്. അതിൽ പേരുകേട്ടതാണ് അരോവാന (Arowana) മത്സ്യം. ഇവ ഗൃഹത്തിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കി, പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്നു.

വിവിധതരം അരോവാന മത്സ്യങ്ങൾ ഇന്ന് ലഭ്യമാണ്. ഏഷ്യൻ അരോവാന, അരോവാന ബ്ലാക്ക് ഗോൾഡൻ, സൂപ്പർ റെഡ് അരോവാന, ഗ്രീൻ അരോവാന, പ്ലാറ്റിനം അരോവാന, മ്യാന്മാർ അരോവാന (അരോവാന ബാറ്റിക്), സിൽവർ അരോവാന (ബ്രസീലിയൻ അരോവാന), അരോവാന ക്രോസ്സ് ബ്ലാക്ക് ഗോൾഡൻ, അരോവാന റെഡ് ടെയിൽ ഗോൾഡൻ എന്നിവയാണവ. 

ഏഷ്യൻ അരോവാന

aquarium

സ്ക്ളീറോപേജസ് (Scleropages formosus) എന്നാണിവയുടെ ശാസ്ത്രനാമം. ഒരു ശുദ്ധജലമത്സ്യമായ ഇവയ്ക്ക് ഏഷ്യൻ ബോണിടംങ്, ഡ്രാഗൺ ഫിഷ് എന്നീ പേരുകളുമുണ്ട്. തെക്കു കിഴക്കേ ഏഷ്യൻ വംശജരാണിവർ. സമ്പൽസമൃദ്ധിയുടെ പര്യായമായാണ് ചൈനക്കാർ ഈ മത്സ്യത്തെ കാണുന്നത്. ദുരാത്മാക്കൾ, ദുർഭൂതങ്ങൾ എന്നിവയിൽ നിന്ന് കുടുംബത്തിലെ അംഗങ്ങളെ സംരക്ഷിക്കാൻ ഇവയ്ക്ക് കഴിയുമത്രേ. ചൈനീസ് പുരാണങ്ങളിലെയും, നാടോടിക്കഥകളിലെയും നിറസാന്നിധ്യമാണ് അരോവാന എന്ന ഭാഗ്യമത്സ്യം. ചൈനീസ് സംസ്കാരത്തിലെ ഡ്രാഗണുമായുള്ള സാദൃശ്യമാണ് ഡ്രാഗൺ ഫിഷ് എന്ന പേരിവയ്ക്കു കിട്ടാൻ കാരണം.

പ്രത്യേകതകൾ

25 മുതൽ 50cm വരെ വലിപ്പമുള്ള മത്സ്യങ്ങളെയാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. സാധാരണ അലങ്കാരമത്സ്യങ്ങൾക്ക് വേണ്ടതിനേക്കാൾ വലിയ ടാങ്ക് ഇവയ്ക്കാവശ്യമാണ്. മറ്റു മത്സ്യങ്ങളെ ഭക്ഷിക്കുമെന്നതിനാൽ ഇവയെ പ്രത്യേകം ടാങ്കിൽ വളർത്തേണ്ടതാണ്. ചെറിയ മത്സ്യങ്ങൾ, പുഴുക്കൾ, തവളകൾ എന്നിവയാണ് ഇവയുടെ ഇഷ്ട ഭക്ഷണം.

പ്രജനനം

ആൺമത്സ്യങ്ങൾക്ക് പെൺമത്സ്യങ്ങളെക്കാൾ മെലിഞ്ഞ ശരീരമായിരിക്കും. മുട്ടകൾ വായിൽ സൂക്ഷിക്കുന്ന ഇനത്തിൽ പെട്ടവയാണ് ഏഷ്യൻ അരോവാന മത്സ്യങ്ങൾ. ആൺമത്സ്യങ്ങളാണ് മുട്ടകൾ വായിൽ സൂക്ഷിക്കുന്നത്. ഇവയുടെ വായിൽ നിന്ന് കുഞ്ഞുങ്ങൾ വിരിഞ്ഞ് പുറത്തുവരുന്നതിന് ഏകദേശം രണ്ടു മാസം സമയമെടുക്കും.  

ഫ്‌ളവർ ഹോൺ മത്സ്യം

ശരീരത്തിൽ നിറയെ കലകളുള്ള ഈ മത്സ്യം സമ്പത്തിന്റെ പ്രതീകമായാണ് കാണുന്നത്. ഹു വാ ലു ഹാൻ എന്നറിയപ്പെടുന്ന ഫ്‌ളവർ ഹോൺ മത്സ്യത്തിന് വീട്ടിലും, അതുപോലെ ഓഫീസിലും ഒരുപോലെ പോസിറ്റീവ് എനർജി പ്രദാനം ചെയ്യാൻ കഴിയും. സാമ്പത്തിക അഭിവൃദ്ധിക്കായി ഇവയെ വടക്ക് ദിശയിലോ, തെക്ക് പടിഞ്ഞാറു ദിശയിലോ വേണം സ്ഥാപിക്കേണ്ടത്.

ഫെങ്ഷുയി മത്സ്യം

നിർഭാഗ്യങ്ങൾ ഒഴിവാക്കി ഭാഗ്യങ്ങൾ എത്തിക്കുന്നതിന് വീടുകളിലെ അക്വേറിയങ്ങളിൽ ഈ മത്സ്യത്തെ വളർത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം.

ഡ്രാഗൺ കാർപ്പ്

ആഗ്രഹങ്ങൾ സഫലമാകാനും, ജോലി, വിദ്യാഭ്യാസം എന്നിവയിൽ മികവ് പുലർത്താനും ഈ മത്സ്യങ്ങളെ വളർത്തുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം.

കോയ് കാർപ്പ്

aquarium

ധനാഗമനത്തിനായ് വളർത്തുന്ന മത്സ്യമാണ് കോയ് കാർപ്പ്. ഇവയ്ക്ക് ആയൂർ ദൈർഘ്യം കൂടുതലാണ്. അക്വേറിയത്തിൽ ഇരുപത് വർഷത്തോളം ഇവ ജീവിക്കും. ഏതു തരത്തിലുള്ള ഫിഷ് ഫുഡ്ഡുകളും ഇവയ്ക്ക് നൽകാവുന്നതാണ്. വലിപ്പം വയ്ക്കുന്ന ഇനമായതിനാൽ വലിയ അക്വേറിയം തന്നെ ഇവയ്ക്കായി ഒരുക്കേണ്ടതാണ്.

ഗോൾഡൻ ഫിഷ്

വീട്ടിലുള്ള അംഗങ്ങളുടെ ഒത്തൊരുമയ്ക്കും,ഐശ്വര്യത്തിനും ഗോൾഡൻ ഫിഷുകൾ നല്ലതാണ്. എട്ട് ഗോൾഡൻ ഫിഷും, ഒരു കറുത്ത മത്സ്യവും എന്ന കണക്കിൽ വളർത്തുന്നതാണ് ഉത്തമം. ഭംഗിയുള്ളതും, എന്നാൽ ചെലവ് കുറഞ്ഞതുമായ മത്സ്യമാണ് ഗോൾഡൻ ഫിഷ്. ദമ്പതിമാർ തമ്മിലുള്ള സ്വരച്ചേർച്ചയ്ക്ക് ടാങ്കിനുള്ളിൽ ഒരു ജോടി സ്വർണ്ണമത്സ്യങ്ങളെ വളർത്തുന്നത് നല്ലതാണെന്ന് ഫെങ്ഷുയി നിർദ്ദേശിക്കുന്നു.

വാസ്തു ശാസ്ത്രപ്രകാരം അക്വേറിയം വീട്ടിൽ എന്തൊക്കെ ഐശ്വര്യങ്ങൾ കൊണ്ടുവരുമെന്ന് ഇതിലൂടെ മനസ്സിലായി കാണുമെന്ന് കരുതുന്നു. ഇത് വാസ്തുശാസ്ത്രത്തിൽ വിശ്വാസമുള്ളവർക്കു വേണ്ടി മാത്രമാണ് എന്നും മനസ്സിലാക്കുക.

Post a Comment

0 Comments