Guppy-Fish-ഗപ്പി-മത്സ്യം

Guppy Fish (ഗപ്പിമത്സ്യം)

Guppy-neopetskerala
Guppy

അലങ്കാരമത്സ്യങ്ങളിൽ ഇന്ന് ഏറ്റവും ജനപ്രിയമായ മത്സ്യമാണ് ഗപ്പി. കൊതുകിന്റെ ലാർവകളെ (കൂത്താടികളെ) തിന്നൊടുക്കുന്നതിനായി വളർത്തിയിരുന്ന ഗപ്പി ഏറ്റവും വില കുറവുള്ള അലങ്കാര മത്സ്യമായിരുന്നു. എന്നാലിന്ന് ജോഡിക്ക് 10,000 രൂപ വരെ വിലയുള്ള ഗപ്പികളുണ്ട്. വിവിധ നിറങ്ങളിലുള്ള ഗപ്പികൾ മാത്രമുള്ള അക്വേറിയത്തിന് ഇപ്പോൾ വലിയ പ്രചാരമാണുള്ളത്.

കുടുംബം

പോയിസിലീഡെ കുടുംബത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ ശുദ്ധജല മത്സ്യമാണ് ഗപ്പി. എന്നാല്‍ ഉപ്പു വെള്ളത്തിലും ജീവിക്കാൻ കഴിവുള്ളവയാണിവ. മില്യൺ ഫിഷ്, റെയിൻബോ ഫിഷ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. അവിശ്വസനീയമാം വിധം പ്രജനനം നടത്തുന്നതിനാലാണ് ഇവയ്ക്കു മില്യൺ ഫിഷ് എന്ന പേരു ലഭിച്ചത്. ഒരു മത്സ്യത്തിന് ഓരോ മാസവും 50 മുതൽ 100 വരെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിയും. ആൺ മത്സ്യങ്ങൾക്ക് വർണ്ണാഭമായ ചിതമ്പലുകൾ  ഉള്ളതിനാലാണ് റെയിൻബോ ഫിഷ് എന്നും വിളിക്കുന്നത്. പല രാജ്യങ്ങളിലും കൊതുകു നിയന്ത്രണത്തിനായി ഗപ്പി മത്സ്യങ്ങളെ ഉപയോഗിച്ചിരുന്നു. അതിനാൽ മൊസ്കിറ്റോ ഫിഷ് എന്ന പേരും ഇതിനുണ്ട്.

സ്വദേശം

തെക്കേ അമേരിക്കയിലും, കരീബിയൻ പ്രദേശങ്ങളിലുമാണ് ഇവയെ ആദ്യം കണ്ടെത്തിയത്. 1866 ൽ  ഗവേഷകനും, ജിയോളജിസ്റ്റുമായിരുന്ന റോബർട്ട് ജോൺ ലെക്‌മാർ ഗപ്പി എന്ന ഗവേഷകനാണ് തെക്കേ അമേരിക്കയിലെ ട്രിനിഡാഡിൽ ഈ മത്സ്യങ്ങളെ ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് ഗപ്പി എന്ന പേര് ഈ മത്സ്യത്തിനു ലഭിച്ചത്. പ്രോസിലിയ റെറ്റികുലേറ്റ എന്നാണ് ഗപ്പിയുടെ ശാസ്ത്രീയ നാമം.

Robert-Lechmere-Guppy
Robert-Lechmere-Guppy

ആൺ മത്സ്യങ്ങൾക്ക് രണ്ടര മുതൽ മൂന്നര സെന്റീമീറ്റർ വരെയും , പെൺ മത്സ്യങ്ങൾക്ക് നാലു മുതൽ ആറു  സെന്റീമീറ്റർ വരെയും നീളമുണ്ടാവും. ആൺ മത്സ്യങ്ങൾ വലിപ്പത്തിൽ ചെറുതാണെങ്കിലും ഭംഗിയുടെ കാര്യത്തിൽ പെൺ മത്സ്യങ്ങളേക്കാൾ മുന്നിലാണ്. വളരെ ആകർഷകമായ നിറവും, വൈവിധ്യമാർന്ന വാലും ഇവയുടെ പ്രത്യേകതയാണ്. മങ്ങിയ ചാരനിറത്തിൽ കാണപ്പെടുന്ന പെൺ മത്സ്യങ്ങൾക്ക് പൊതുവെ ആകർഷകത്വം കുറവാണ്. ഓറഞ്ച് പാടുകളുള്ള ഗപ്പികൾ കൂടുതൽ ശാരീരിക ക്ഷമതയുള്ളവയാണെന്ന് കരുതപ്പെടുന്നു. കാരണം അവ ശക്തമായ ഒഴുക്കുള്ള ജലത്തിലും നീന്താൻ കഴിവുള്ളവയാണ്.  

Guppy
Female-Guppy

വിവിധയിനം ഗപ്പികള്‍

നിറവും, വാലിന്റെ പ്രത്യേകതയും കണക്കിലെടുത്താണ് ഗപ്പികളെ വേർതിരിക്കുന്നത്. ഏകദേശം മുന്നൂറിനം ഗപ്പികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം തന്നെ ഗപ്പികളിൽ കറുത്ത കണ്ണുള്ളവയും, ചുവന്ന കണ്ണുള്ളവയും ഉണ്ട്. ചുവന്ന കണ്ണുള്ള ഗപ്പികളെക്കാൾ, കറുത്ത കണ്ണുള്ള ഗപ്പികൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

റെഡ് ഗപ്പി, ഗോൾഡൻ ഗപ്പി, യെല്ലോ ഗപ്പി, മോസ്‌കോ ബ്ലൂ, മോസ്‌കോ ബ്ലാക്, ഹാഫ് ബ്ലാക്, ഫുൾ ബ്ലാക്, ഗ്രീൻ ടെക്സിഡോ എന്നീ വിവിധ നിറത്തിലുള്ള ഗപ്പികൾ ലഭ്യമാണ്.

ഗ്ലാസ്‌ ഗപ്പി, ഗ്രാസ് ഗപ്പി, മൊസൈക് ഗപ്പി, ലോവർ സ്വാർഡ് റ്റൈൽ ഗപ്പി, ലേസ് റ്റൈൽ ഗപ്പി, ലെയർ റ്റൈൽ ഗപ്പി, ലോങ്ങ്‌ ഫിൻ ഗപ്പി, വൈൽ റ്റൈൽ ഗപ്പി, ഫ്ലാഗ് റ്റൈൽ ഗപ്പി, ഫാൻ റ്റൈൽ ഗപ്പി, അപ്പർ സ്വാർഡ് റ്റൈൽ ഗപ്പി, ട്രിയാങ്കിൽ റ്റൈൽ ഗപ്പി, റൌണ്ടട് ഗപ്പി, ഫാൻസി ഗപ്പി, ടെക്സിഡോ ഗപ്പി, ഡബിൾ സ്വാർഡ് റ്റൈൽ ഗപ്പി, റെഡ് അപ്പർ റ്റൈൽ ഗപ്പി, കിംഗ്‌ കോബ്ര ഗപ്പി, സ്നേക്ക് സ്കിൻ ഗപ്പി, പീ കൊക്ക് ഗപ്പി എന്നിങ്ങനെ വാലിന്റെ ഘടനയനുസരിച്ച് വിവിധയിനം ഗപ്പികളുണ്ട്. 

Guppy
Guppy

വാണിജ്യ സാദ്ധ്യത

ആർക്കും വളരെയെളുപ്പത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്താൻ കഴിയുന്നതാണ് ഗപ്പി മത്സ്യങ്ങൾ. രോഗബാധ കുറവുള്ള മത്സ്യങ്ങളാണിവ. രണ്ടു മുതൽ മൂന്നു വർഷം വരെയാണ് ഗപ്പിയുടെ ശരാശരി ആയുസ്സ്. വളരെ വ്യത്യസ്തമായ ആവാസ വ്യവസ്ഥയുമായി പെട്ടെന്ന് പൊരുത്തപ്പെടാനുള്ള പ്രത്യേക കഴിവ് ഇവയ്ക്കുണ്ട്. ഗപ്പി മത്സ്യങ്ങൾ ഇരുപത് മുതൽ നൂറു വരെ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. ഇരുപത്തിയെട്ട് ദിവസമാണ് ഇവയുടെ ഗർഭകാലം.

പ്രജനനം

ഒരു പ്രസവത്തിലുണ്ടായ ആൺ, പെൺ കുഞ്ഞുങ്ങളെ പ്രത്യേകം പ്രത്യേകം വേണം വളർത്തേണ്ടത്. മറ്റൊരു കുടുംബത്തിലെ ഗപ്പിയുമായി വേണം ഇണ ചേർക്കേണ്ടത്. അല്ലെങ്കിൽ അവയുടെ ഗുണവും, നിറവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആൺ ഗപ്പിയുടെ ബീജം എട്ടു മാസം വരെ പെൺ ഗപ്പിയുടെ ഉദരത്തിൽ നശിക്കാതെ നിലനിൽക്കും. അതിനാൽ ഒരിക്കൽ ഇണചേർന്നാൽ എട്ടു മാസം വരെ പ്രസവിക്കുന്നതിനു ഇണ ചേരേണ്ട ആവശ്യമില്ല എന്നതും ഗപ്പിയുടെ സവിശേഷതയാണ്. ഒരാൺമത്സ്യത്തിന് 4 പെൺ മത്സ്യങ്ങൾ എന്നതാണ് അക്വേറിയത്തിനുള്ളിലെ അനുയോജ്യമായ അനുപാതം. ജാവ മോസ് പോലുള്ള ഫ്‌ളോട്ടിങ് സസ്യങ്ങൾ മത്സ്യ കുഞ്ഞുങ്ങൾക്ക് മറഞ്ഞിരിക്കാൻ സഹായകമാവും. ജനിക്കുന്ന നിമിഷം മുതൽ തന്നെ നീന്താനും, ഭക്ഷണം കഴിക്കാനുമെല്ലാം കുഞ്ഞുങ്ങൾ പ്രാപ്തരായിരിക്കും.

Guppy
Baby-Guppy

നിങ്ങൾക്കിഷ്ടപ്പെട്ട നിറത്തിലുള്ള ആൺ പെൺ ഗപ്പികളെ തെരഞ്ഞെടുത്ത് പ്രത്യേകം ടാങ്കിൽ നിക്ഷേപിച്ചാൽ അതേ നിറത്തിലും ഗുണത്തിലുമുള്ള കുഞ്ഞുങ്ങളെ ലഭിക്കാനുള്ള സാദ്ധ്യത കുടുതലാണ്. കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞാലുടൻ മാതാപിതാക്കളെ ടാങ്കിൽ നിന്നും മാറ്റുന്നതും നല്ലതാണ്.

ഭക്ഷണം

പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ നൽകുന്നത് നല്ലതാണ്. ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഭക്ഷണം നൽകുക. രണ്ട് മിനിറ്റിനുള്ളിൽ കഴിക്കാൻ കഴിയുന്ന ഭക്ഷണമായിരിക്കണം നൽകേണ്ടത്.

ശുചിത്വം

അക്വേറിയം വൃത്തിയായി സൂക്ഷിക്കേണ്ടതും, ഓക്സിജന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. മത്സ്യങ്ങൾക്ക് ഫംഗസ് ബാധയുണ്ടാവാതിരിക്കാൻ ഇതുപകരിക്കും. കാൽസ്യം, മഗ്‌നീഷ്യം, മറ്റു ധാതുക്കൾ എന്നിവ നല്ല തോതിലടങ്ങിയിട്ടുള്ള ഹാർഡ് വാട്ടർ ആണ് ഗപ്പിക്ക് ഏറ്റവും അനുയോജ്യമായത്. ഉയർന്ന പി.എച്ച് വാല്യു ഉണ്ടായിരിക്കണം. 19 ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഉപ്പ് എന്ന അളവിൽ അക്വേറിയത്തിലെ ജലത്തിൽ ഉപ്പിന്റെ അളവ് ക്രമീകരിക്കേണ്ടതാണ്. വെള്ളത്തിന്റെ ചൂട് 24 മുതൽ 26 ഡിഗ്രി സെന്റിഗ്രേഡ് വരെ ക്രമീകരിച്ചാൽ ഗപ്പികൾ രണ്ടു മുതൽ മൂന്നു വർഷം വരെ ജീവിച്ചിരിക്കും. ജലത്തിന്റെ ഊഷ്മാവ് 28 ഡിഗ്രി സെന്റിഗ്രേഡ് വരെയാണെങ്കിൽ ഗപ്പികൾ വേഗത്തിൽ വളരുകയും, കൂടുതൽ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യും. എന്നാൽ അവയ്ക്ക് 18 മാസത്തെ ആയുസ്സേ ഉണ്ടാവുകയുള്ളു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

Guppy


പൊതു സ്വഭാവം

ഗപ്പി മത്സ്യങ്ങൾ ആക്രമണ സ്വഭാവമുള്ളവയല്ല. അതുകൊണ്ട് തന്നെ അത്തരം സ്വഭാവമുള്ള മോളി, വാൾടെയിൽ, നിയോൺ ടെട്ര, പ്ലാറ്റിസ്‌ തുടങ്ങിയ മത്സ്യങ്ങൾക്കൊപ്പം വളർത്താവുന്നതാണ്.

Post a Comment

0 Comments