Finches-ഫിഞ്ച്-പക്ഷികൾ

ഫിഞ്ച് പക്ഷികൾ

Finches
Zebra Finch

വളരെയധികം ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നാണ് അലങ്കാരപ്പക്ഷി വളർത്തൽ. വിനോദത്തിനും, വരുമാനത്തിനുമായി ധാരാളം ആളുകൾ ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട്. അലങ്കാരപ്പക്ഷികളിൽ ഇപ്പോൾ വളരെ പ്രചാരത്തിലുള്ള ചെറുകിളികളാണ് ഫിഞ്ചുകൾ (Finches). ഇവർ ആസ്ട്രേലിയൻ സ്വദേശികളാണ്. നല്ല രീതിയിൽ പരിപാലിച്ചാൽ ഇവയുടെ എണ്ണത്തിൽ പെട്ടെന്നു തന്നെ വലിയ വർദ്ധനവുണ്ടാവുന്നതാണ്. കാരണം, നല്ല ആരോഗ്യമുള്ള ഫിഞ്ചുകൾ നാലു മുതൽ ഏഴു വരെ മുട്ടകളിടുന്നു. മിക്കവാറും അവ എല്ലാം തന്നെ വിരിയുകയും ചെയ്യും എന്നതാണ് ഫിഞ്ചുകളുടെ പ്രത്യേകത. ഫ്രിംഗിലിഡേ എന്ന കുടുംബത്തിലെ ചെറിയ തരം പക്ഷികളാണിവ.  ഈ കുടുംബത്തിൽ ഇരുന്നൂറോളമിനം പക്ഷികളുണ്ടെന്നാണ് കണക്ക്. മൂന്നു മുതൽ അഞ്ചു വർഷം വരെയാണ് ഇവയുടെ ആയുസ്സ്.

കൂടൊരുക്കുമ്പോൾ

ഫിഞ്ചുകൾക്ക് പറക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അത്യാവശ്യം വലിയ കൂട് വേണം ഇവയ്ക്കായി ഒരുക്കേണ്ടത്. ഒരു ജോടി ഫിഞ്ചിന് രണ്ട് ചതുരശ്ര അടി വിസ്‌തീർണ്ണം എന്നതാണ് കണക്ക്. കൂടുതൽ പറക്കുന്നതോടെ കൂടുതൽ വ്യായാമം ലഭിക്കുകയും, പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. പറക്കാൻ കഴിയാതെ വന്നാൽ അവയുടെ ചിറകുകൾക്ക് ബലഹീനത സംഭവിക്കാൻ സാധ്യതയുണ്ട്. കൂടൊരുക്കുന്നതിന് നേർത്ത കണ്ണികളുള്ള വല ഉപയോഗിച്ചാൽ കൂടിനുള്ളിൽ ധാരാളം വായുസഞ്ചാരം ലഭിക്കുന്നതാണ്. ആഹാരവും, വെള്ളവും നൽകുന്നതിന് കൂടിനുള്ളിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഉണ്ടായിരിക്കണം. കുടിക്കുന്നതിനും, കുളിക്കുന്നതിനുമുള്ള വെള്ളം പ്രത്യേകം നൽകേണ്ടതാണ്. എല്ലാ ദിവസവും കുളിക്കുന്ന പ്രകൃതക്കാരാണ് ഫിഞ്ചുകൾ. അതിനാൽ എല്ലാ ദിവസവും വെള്ളം മാറ്റി പുതിയ വെള്ളം നിറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. 

അധികം തണുപ്പ് സഹിക്കാൻ കഴിയുന്നവരല്ല ഫിഞ്ചുകൾ. അതിനാൽ തണുപ്പുള്ള സമയത്ത് കൂടിനുള്ളിൽ ചൂടിനാവശ്യമായ ബൾബുകൾ ക്രമീകരിക്കേണ്ടതാണ്.  

White-Finch
White-Finch

ആഹാരം

തിനയാണ് ഇവരുടെ ഇഷ്ടഭക്ഷണം. കൂടാതെ നുറുക്കിയ ഗോതമ്പ്, ചെറുപയർ, റാഗി, പച്ചക്കറികൾ, പഴങ്ങൾ എന്നിവയും നൽകാവുന്നതാണ്. മുളപ്പിച്ച ധാന്യങ്ങളും ഇവയ്ക്ക് വളരെ ഇഷ്ടമുള്ള ഭക്ഷണമാണ്. പുഴു, ചെറിയ പ്രാണികൾ എന്നിവയും ഇവയ്ക്കിഷ്ടമാണ്. കാൽസ്യം ആവശ്യത്തിന് ലഭിക്കുന്നതിനായി ആഹാരത്തിൽ കണവ നാക്ക് പൊടിച്ചു കൊടുക്കുന്നത് നല്ലതാണ്. അതുപോലെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പുഴുങ്ങിയ മുട്ട നൽകുന്നതും നല്ലതാണ്. മുട്ടയുടെ തോടിന് കട്ടിയുണ്ടാവാനാണ് ഇതു നൽകുന്നത്. പോഷകമൂല്യമുള്ള ഭക്ഷണം നൽകിയാൽ അവയ്ക്ക് രോഗപ്രതിരോധ ശേഷി വർദ്ധിക്കുകയും തൂവലുകൾക്ക് നല്ല തിളക്കം ലഭിക്കുകയും ചെയ്യും. കുടിക്കുന്നതിനാവശ്യമായ ശുദ്ധജലം ഉറപ്പു വരുത്തേണ്ടതാണ്.

ആരോഗ്യ പരിപാലനം

നല്ല വ്യായാമം ആവശ്യമുള്ള പക്ഷികളാണിവ. അതിനാൽ പറക്കുന്നതിന് സൗകര്യമുള്ള കൂട് വേണം ഒരുക്കേണ്ടത്. നല്ല വ്യായാമം കിട്ടുന്നതോടെ പ്രതിരോധ ശേഷിയും വർദ്ധിക്കുന്നതാണ്. കുടിക്കാനുള്ള വെള്ളം പരന്ന പാത്രത്തിൽ വേണം നൽകേണ്ടത്. കാൽസ്യം ലഭിക്കുന്നതിനായി ആഹാരത്തോടൊപ്പം കണവനാക്ക് ഉൾപെടുത്തേണ്ടതാണ്. തുളസിയില, മല്ലിയില, പുതിനയില, പനികൂർക്കയുടെ ഇല എന്നിവയും നൽകാവുന്നതാണ്. ഇതോടൊപ്പം തന്നെ വെള്ളത്തിലൂടെ വൈറ്റമിൻ ഡ്രോപ്‌സും നൽകാം. ആഹാരവും, വെള്ളവും വയ്ക്കുന്നതിന് മുകളിൽ ചില്ലകളോ കൂടോ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ വന്നാൽ വേസ്റ്റ് അതിൽ വീഴാനുള്ള സാധ്യതയുണ്ട്. കൂടെപ്പോഴും അണുവിമുക്തമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പ്രജനനം

ഫിഞ്ചുകളുടെ പ്രായത്തെ നാല് ഘട്ടങ്ങളായി തിരിക്കാം. ഇതിലേതു ഘട്ടത്തിലാണ് ഇവയെ ബ്രീഡ് ചെയ്യിക്കേണ്ടതെന്നും നോക്കാം.  ഇത് കൃത്യമായ സമയത്തല്ലെങ്കിൽ കുഞ്ഞുങ്ങളുടെ ഗുണനിലവാരത്തെയും മാതാപിതാക്കളുടെയും, കുഞ്ഞുങ്ങളുടെയും ജീവിത കാലയളവിനെയും ബാധിക്കുന്നതാണ്.

Finches
Finches

1. മുട്ട വിരിഞ്ഞ്, കുഞ്ഞു പുറത്തു വന്നു കഴിഞ്ഞ്  രണ്ടു മാസം വരെയുള്ളതാണ് ആദ്യഘട്ടം. ഈ സമയത്ത് മാതാപിതാക്കളാണ് അവയ്ക്ക് ഭക്ഷണം നൽകുന്നത്.

2. രണ്ടു മുതൽ നാലു മാസം വരെയുള്ള കാലയളവാണ് രണ്ടാം ഘട്ടം. ഇതിനെ സെമി അടൽറ്റ്  സ്റ്റേജ് എന്നാണ് പറയുന്നത്. ഈ കാലയളവിൽ അവ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങും.

3. നാലു മുതൽ ഏഴു മാസം വരെയുള്ള കാലയളവിനെ അടൽറ്റ്  സ്റ്റേജ് എന്ന് പറയുന്നു. നോൺ ബ്രീഡിങ് അടൽറ്റ്  സ്റ്റേജ് എന്നും പറയാറുണ്ട്. നാലു മാസം കഴിയുമ്പോഴേക്കും ഇവ ബ്രീഡിങ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എന്നാലീ സമയത്ത് ഇവയെ ബ്രീഡിങ്ങിനായി ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം ഈ പ്രായത്തിൽ അവ രണ്ടോ മൂന്നോ മുട്ടകളെ ഇടാൻ സാധ്യതയുള്ളു. അവ തന്നെ എല്ലാം വിരിയണമെന്നുമില്ല. ഈ പ്രായത്തിൽ മുട്ടയിട്ടു തുടങ്ങുന്ന കിളികളുടെ ആരോഗ്യം പെട്ടെന്ന് ക്ഷയിക്കുകയും അവയുടെ ജീവിത ദൈർഘ്യം തന്നെ കുറയാനും സാധ്യതയുണ്ട്. മാത്രവുമല്ല കുഞ്ഞുങ്ങൾക്ക് വേണ്ടത്ര പരിചരണവും നൽകാറില്ല. ഈ സമയത്ത് ആൺകിളികളെയും, പെൺകിളികളെയും പ്രത്യേകം കൂടുകളിൽ വളർത്തുന്നതായിരിക്കും ഉത്തമം.

4. ഏഴുമാസം പ്രായമായ കുഞ്ഞുങ്ങളെ ബ്രീഡിങ്  അടൽറ്റ്  സ്റ്റേജിലുള്ളവയായി കണക്കാക്കാം. ഈ സമയത്ത് ഇവ നല്ല ആരോഗ്യമുള്ള ഫിഞ്ചായി മാറിയിട്ടുണ്ടാവും. ഈ സമയത്ത് ഇവയെ ബ്രീഡ് ചെയ്തു കഴിഞ്ഞാൽ പരമാവധി മുട്ടകൾ ലഭിക്കുകയും, എല്ലാ മുട്ടകളും തന്നെ വിരിഞ്ഞ് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കുകയും ചെയ്യും.

 പ്രജനനത്തിനായി തെരഞ്ഞെടുക്കുന്ന പക്ഷികൾ നല്ല ആരോഗ്യമുള്ളയാണെന്ന് ഉറപ്പു വരുത്തുക. സാധാരണയായി നാലു മുതൽ ഏഴു വരെ മുട്ടകളിടാൻ സാധ്യതയുണ്ട്. അതിനനുസരിച്ചുള്ള മൺകുടങ്ങൾ, മരത്തിലുള്ള ചെറിയ പെട്ടികൾ എന്നിവ കൂടിനുള്ളിൽ സ്ഥാപിക്കേണ്ടതാണ്.     ഇണക്കിളികൾ പരിസരം കൊക്കൊരുമ്മിയിരിക്കുക, ആൺകിളി പെൺകിളിയെ നോക്കി പ്രത്യേക ശബ്ദം പുറപ്പെടുവിക്കുക ഇതൊക്കെ ഇണചേരുന്നതിനും, മുട്ടയിടുന്നതിനുമുള്ള സമയമായതിന്റെ ലക്ഷണങ്ങളാണ്. ഈ സമയത്ത് കൂടൊരുക്കാനുള്ള സാമഗ്രികൾ നൽകാവുന്നതാണ്. ഇവ സ്വയം നിർമ്മിക്കുന്ന കൂടുകളിൽ മുട്ടയിടുന്ന പ്രകൃതക്കാരാണ്. അതിനാൽ കൂട് നിർമാണത്തിനാവശ്യമായ നാരുകൾ, പഞ്ഞി, ഉണക്കപ്പുല്ല് എന്നിവ കൂടിനുള്ളിൽ വച്ചുകൊടുക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ ശരീരത്തിന് പരിക്കുകളൊന്നും പറ്റാതിരിക്കാൻ ഇത്തരം മാർദ്ദവമുള്ള വസ്തുക്കൾ ഉപകാരപ്പെടും. ഇണചേർന്നു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇവ മുട്ടയിടും, ആൺ കിളിയും പെൺ കിളിയും മാറി മാറി അടയിരിക്കുന്ന രീതിയാണ് ഇവയുടേത്. പതിനഞ്ചു മുതൽ പതിനേഴു ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയുകയും ചെയ്യും. ഈ സമയത്ത് യാതൊരു വിധത്തിലും കിളികളെ ശല്യം ചെയ്യാൻ പാടുള്ളതല്ല. മുട്ട വിരിഞ്ഞു കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതിനു വേണ്ടി സോഫ്റ്റായിട്ടുള്ള ഭക്ഷണങ്ങൾ നൽകുന്നതും നല്ലതാണ്.    

Finches
Finches

വിവിധയിനം ഫിഞ്ചുകൾ

വൈറ്റ്‌ ഫിഞ്ചുകൾ

സീബ്രാ ഫിഞ്ചുകൾ

ലോങ്ങ് ടെയിൽ ഫിഞ്ചുകൾ

ഗോൾഡിയൻ ഫിഞ്ചുകൾ

സ്റ്റാർ ഫിഞ്ചുകൾ

കട്ട്ത്രോട്ട് ഫിഞ്ചുകൾ

കോർഡൻ ബ്ലൂ ഫിഞ്ചുകൾ

ഒഴിവു സമയമുള്ളവർക്ക് മാനസികോല്ലാസത്തിനും, വരുമാനമാർഗത്തിനുമായി   ഫിഞ്ചു വളർത്തൽ തിരഞ്ഞെടുക്കാവുന്നതാണ്. 

Post a Comment

0 Comments