Budgerigar (Budgie) - ബഡ്ജറിഗർ അഥവാ ബഡ്ജി
![]() |
Budgie |
ബഡ്ജറിഗർ അഥവാ ബഡ്ജി (Watch Video)
നീണ്ട വാലുള്ള, തത്തയുടെ
വർഗ്ഗത്തിൽ പെട്ട ഒരിനം വളർത്തു പക്ഷിയാണ് ബഡ്ജറിഗർ. ഈ ആസ്ട്രേലിയൻ തത്തയെ ബഡ്ജി
എന്നാണ് പൊതുവെ വിളിച്ചുവരുന്നത്. 1805 ൽ ആസ്ട്രേലിയയുടെ കിഴക്കൻ തീരത്താണ് ഇവയെ
ആദ്യമായി കണ്ടെത്തിയത്. മെലോപ്സിറ്റാക്കസ് എന്ന ജനുസ്സിൽപെട്ട ഈ പക്ഷികളുടെ തല
ഭാഗത്ത് മഞ്ഞയും, ഉടലിൽ പച്ചയും, വാലിൽ നീലയും നിറത്തിലുള്ള തൂവലുകളാണുള്ളത്.
ഇത്തരം ബഡ്ജികളാണ് യഥാർത്ഥ ബഡ്ജികൾ.
പൊതുവേ ഇവയുടെ ഉടലിന്
പച്ചയും, മഞ്ഞയും കലർന്ന നിറമാണെങ്കിലും നീല, വെളുപ്പ്, മറ്റു മങ്ങിയ
നിറങ്ങൾ എന്നിവയിലും ഇപ്പോൾ ലഭ്യമാണ്. പ്രധാനമായും രണ്ടു തരത്തിലുള്ള ബഡ്ജികളാണുള്ളത്.
ഒന്ന് അമേരിക്കൻ ബഡ്ജി അഥവാ പാരകീറ്റ്, മറ്റൊന്ന് ഇംഗ്ലീഷ് ബഡ്ജി. എന്നാലിപ്പോൾ
41 ഇനം വിവിധ തരത്തിലുള്ള ബഡ്ജികളുള്ളതായി കണക്കാക്കപ്പെടുന്നു.
1838 ൽ John Gould എന്ന
ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനാണ് ബഡ്ജിയെ ഓസ്ട്രേലിയയിൽ നിന്ന് യൂറോപ്പിലേക്ക്
കൊണ്ടു വന്നത്. വളരെ പെട്ടെന്നു തന്നെ യൂറോപ്പിൽ ഇവ ജനപ്രിയ വളർത്തു പക്ഷിയായി
മാറി. എന്നാൽ 1894 ആയപ്പോഴേക്കും ഓസ്ട്രേലിയ ബഡ്ജികളുടെ കയറ്റുമതി നിരോധിച്ചു.
ബഡ്ജി അമേരിക്കയിലെത്തുന്നത് 1920 കളോടെയാണ്. പക്ഷേ 30 വർഷങ്ങൾക്കു ശേഷം, 1950
ആയപ്പോൾ മാത്രമാണ് ഈ വളർത്തുപക്ഷികൾ അവിടെ പ്രചാരത്തിലായത്.
ജനപ്രിയ വളർത്തുപക്ഷി
![]() |
Budgie |
ബഡ്ജിയെ എങ്ങനെ തെരഞ്ഞെടുക്കാം
ചെറിയ വലിപ്പവും, ചെലവു കുറഞ്ഞ പരിപാലനവും, മനുഷ്യ ശബ്ദത്തെ
അനുകരിക്കാനുള്ള കഴിവും ഇവയെ വളരെ വേഗത്തിൽ ജനപ്രിയമാക്കി. ബഡ്ജികൾ പൊതുവെ സൗമ്യസ്വഭാവമുള്ള
പക്ഷികളാണ്. വളരെ എളുപ്പത്തിൽ മനുഷ്യരുമായി ഇണങ്ങുകയും ചെയ്യും. നിങ്ങളുടെ ബഡ്ജി എളുപ്പത്തിൽ
ഇണങ്ങണമെങ്കിൽ അവ കുഞ്ഞായിരിക്കുമ്പോൾ തന്നെ വാങ്ങുന്നതായിരിക്കും ഉത്തമം.
ഇവ മറ്റു തത്തകളേക്കാൾ സദാ സജീവമായിരിക്കുന്ന പ്രകൃതക്കാരാണ്. ഇവയുടെ ജോടികൾ തമ്മിൽ
പരസ്പരം നല്ല ബന്ധം പുലർത്തുന്നവരാണ്.
![]() |
Budgie-pairs |
പക്ഷിക്കൂട് എങ്ങനെ തെരഞ്ഞെടുക്കാം
സദാ സജീവമായി കാണപ്പെടുന്ന ബഡ്ജികൾക്ക് ഉറങ്ങുന്നതിനും , ഭക്ഷണം കഴിക്കുന്നതിനും,
പറക്കുന്നതിനും, വിനോദത്തിലേർപ്പെടുന്നതിനും അനുയോജ്യമായ വലിയ കൂട് വേണം തെരഞ്ഞെടുക്കേണ്ടത്.
ഏറ്റവും കുറഞ്ഞത് 20 ഇഞ്ച് നീളവും, 12 ഇഞ്ച് വീതിയും, 18 ഇഞ്ച് ഉയരവുമുള്ള കൂട് വേണം
തെരഞ്ഞെടുക്കേണ്ടത്. കൂടിനുള്ളിൽ തിരശ്ചീനമായ ബാറുകൾ വ്യത്യസ്ത ലെവലുകളിൽ ഉറപ്പിക്കുന്നത്
നല്ലതായിരിക്കും. അവയ്ക്കിരിക്കാനും, വ്യായാമത്തിനുമൊക്കെ അതു സഹായകരമാവും. കിളികൾ
രക്ഷപെടാതിരിക്കാനും, കൂടിന്റെ വിടവിൽ കുടുങ്ങി പോകാതിരിക്കാനും വിടവ് അര ഇഞ്ചോ അതിൽ
കുറവോ ആയിരിക്കണം. വ്യായാമത്തിനും, മനസികോല്ലാസത്തിനും വിവിധതരം കളിപ്പാട്ടങ്ങൾ കൂടിനുള്ളിൽ
ക്രമീകരിക്കുന്നത് വളരെ നല്ലതാണ്.
ഭക്ഷണങ്ങൾ
പെലെറ്റ്സ്, തിന, പഴങ്ങൾ, പച്ചക്കറികൾ, ഒമേഗ 3, ഫാറ്റി ആസിഡുകൾ എന്നിവ
ഇവയുടെ ആഹാരത്തിൽ ഉൾപെടുത്തേണ്ടതാണ്. പോഷക സന്തുലിതമായ ഭക്ഷണമാണ് പെല്ലെറ്റുകൾ. ക്യാരറ്റ്
, ബ്രോക്കോളി, ചീര, ബീൻസ്, ധാന്യങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ബ്രീഡിങ്ങ്
ബഡ്ജികളുടെ ബ്രീഡിങ്ങിൽ
പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒരിക്കലും ഒരേ മാതാപിതാക്കളുടെ
കുഞ്ഞുങ്ങളെ ജോടികളായി തെരഞ്ഞെടുക്കരുത്. ഇത് ജനിതക മാറ്റങ്ങൾക്ക് കാരണമാവാം.
അതിന്റെ ഫലമായി വൈകല്യമുള്ള കുഞ്ഞുങ്ങൾ പിറക്കാൻ സാധ്യതയുണ്ട്. നല്ല
ആരോഗ്യമുള്ളതും, കുറഞ്ഞത് ഒരു വയസ്സെങ്കിലും പ്രായമുള്ളതുമായ ബഡ്ജികളെ വേണം
പ്രചനനത്തിനായി തെരഞ്ഞെടുക്കേണ്ടത്. ബ്രീഡിങ്ങിനായി തെരഞ്ഞെടുക്കുന്ന ജോടിയെ
പ്രത്യേകം കൂട്ടിലേക്ക് മാറ്റുന്നത് നല്ലതായിരിക്കും. ഇണചേരൽ സമയത്ത് ജോടികൾക്ക്
ധാരാളം പച്ചക്കറികളും, പെല്ലറ്റ്സും നൽകുന്നത് നല്ലതാണ്.
ഇണചേർന്നു കഴിഞ്ഞാൽ 10
ദിവസത്തിനുള്ളിൽ ആദ്യത്തെ മുട്ടയിടും. തുടർന്ന് ഓരോ ദിവസവും ഓരോ മുട്ട എന്ന നിലയിൽ
ശരാശരി ഓരോ ബഡ്ജിയും നാലു മുട്ട വരെയിടും. ഒരു കാരണവശാലും മുട്ടയിൽ തൊടാൻ പാടുള്ളതല്ല.
കാരണം, കയ്യിലുള്ള ബാക്ടീരിയകൾ അതിലോലമായ മുട്ടത്തോടിലൂടെ അകത്തേക്ക് കടക്കാൻ
സാധ്യതയുണ്ട്. മുട്ടയിട്ടു കഴിഞ്ഞാൽ പെൺകിളി അടയിരിക്കാൻ തുടങ്ങും. 18 മുതൽ 23
ദിവസത്തിനുള്ളിൽ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും.
![]() |
Budgie-kid |
മുട്ട വിരിഞ്ഞു കഴിഞ്ഞാൽ തള്ളപ്പക്ഷി കുഞ്ഞുങ്ങൾക്ക് കൃത്യമായി ഭക്ഷണം
നൽകുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുട്ട വിരിഞ്ഞ് 10 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ
കുഞ്ഞുങ്ങൾക്ക് തൂവൽ വരൻ തുടങ്ങും. ഏകദേശം 20 ദിവസം പ്രായമാവുമ്പോൾ കുഞ്ഞുങ്ങൾ കൂടുവിട്ട്
പോകാൻ തുടങ്ങും. ഈ സമയത്ത് കൂടിന്റെ അടിവശത്തായി ആഴമില്ലാത്ത പാത്രത്തിൽ ഭക്ഷണം നൽകുക.
കുടിക്കാനുള്ള വെള്ളവും അതുപോലെ തന്നെ നൽകുക. കുഞ്ഞുങ്ങൾക്ക് ആറാഴ്ച പ്രായമാവുമ്പോൾ
അവയെ മറ്റൊരു കൂട്ടിലേക്ക് മാറ്റാവുന്നതാണ്. ഈ പ്രായത്തിൽ അവയ്ക്ക് പറക്കാനുള്ള കഴിവുണ്ടായിരിക്കും.
ആയുസ്സ് / രോഗങ്ങൾ
ഏകദേശം ഏഴു മുതൽ പതിനഞ്ചു
വയസ്സു വരെയാണ് ബഡ്ജികളുടെ ആയുസ്സ്. അമിത വണ്ണം, ട്യൂമറുകൾ, കരൾ രോഗം,
കാലിനുണ്ടാകുന്ന വൈകല്യങ്ങൾ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയാണ് ബഡ്ജികളെ
ബാധിക്കുന്ന പ്രധാന രോഗങ്ങൾ. അതിനാൽ യഥാസമയം വെറ്റിനറി പരിചരണം നൽകേണ്ടത്
അത്യാവശ്യമാണ്. തുമ്മലോ മൂക്കൊലിപ്പോ ഉണ്ടാവുന്നത് വൈറസ് ബാധയുടെ ലക്ഷണമാണ്.
എത്രയും വേഗം വെറ്റിനറി സഹായം തേടേണ്ടതാണ്. ഇല്ലെങ്കിൽ അവയ്ക്ക് മരണം വരെ
സംഭവിക്കാം. മാത്രവുമല്ല കൂട്ടിലുള്ള മറ്റു കിളികൾക്ക് കൂടി ഈ അസുഖം ബാധിച്ചെന്നും
വരാം.
ബഡ്ജികൾക്ക് വരാവുന്ന
മറ്റൊരു രോഗമാണ് പക്ഷിപ്പനി. ഇത് മനുഷ്യരിലേക്കും പകരുന്ന ഒരു രോഗമാണ്. അതിനാൽ
രോഗം വന്ന പക്ഷിയെ നശിപ്പിക്കുന്നതായിരിക്കും അഭികാമ്യം. അസുഖം ബാധിച്ച പക്ഷിയുടെ
കൂട് എത്രയും വേഗം അണുവിമുക്തമാക്കുന്നതും പ്രധാനമാണ്.
![]() |
Budgie |
പുതിയ ബഡ്ജികളെ വാങ്ങുമ്പോൾ
പുതിയ പക്ഷികളെ
വാങ്ങുമ്പോൾ വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്ന് വാങ്ങുവാൻ ശ്രദ്ധിക്കുക. കുറച്ചു
ദിവസം അവയെ പ്രത്യേകം കൂട്ടിൽ പാർപ്പിച്ച് രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പു
വരുത്തുക. വെറ്റിനറി പരിചരണം നൽകുന്നതും അഭികാമ്യമാണ്.
ബഡ്ജിയെ കുറിച്ചുള്ള ഏതാനും പ്രാഥമിക വിവരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരം പക്ഷികളെ സ്നേഹിക്കുന്നവർക്കും, അവയെ വളർത്തുന്നവർക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുമെന്ന് കരുതുന്നു.
Please do not enter any spam link in the comment box